Friday, January 27, 2012

മൊബൈല്‍ റിക്കവറി
--------------------------
സമയം സന്ധ്യയാവാറായി. അച്ഛനും മക്കളും ക്രിക്കറ്റു കളിയുടെ തിരക്കില്‍.
ഇളയ പുത്രന്‍ ഫാദറേ(കൂതറേ...) പിടിച്ചോ എന്ന് പറഞ്ഞ ഫോര്‍ . പ്രായം മറന്നു തന്തയാന്‍ പന്തിനു നേരെ പൊങ്ങിച്ചാടി കുളക്കരയില്‍ എത്തി .പോക്കെറ്റിലെ മൊബൈല്‍ അതിന്റെ ആവേശ തിമിര്‍പ്പോടെ ഡൈവ് ചെയ്തു നേരെ കുളത്തില്‍ . അച്ഛനും കൊച്ചച്ഛനും തോര്‍ത്തു മുടുത്തു പിറകെ . അനിക്സ്പ്രേയുടെ പരസ്യം പോലെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ . വാട്ടര്‍ അതോറിറ്റിയില്‍ ജോലിയുള്ളവന്റെ നിര്‍ദ്ദേശ പ്രകാരം കുളം വറ്റിച്ചു . രാത്രി     9 .30   നു വീണ്ടും ഡൈവിംഗ്. മൊബൈല്‍ ചിരിച്ചു കാട്ടി തെന്നി മറഞ്ഞു . വെളിമ്പറമ്പിലെ കരിഞ്ഞ പുല്ലുകള്‍ കുളത്തിലെ വെള്ളത്തില്‍ കുളിച്ചതല്ലാതെ  'നോ  രക്ഷ' .
രാവിലെ  9  .45  നു ഒരു ഫോണ്‍ ബെല്ലിനു പിറകെ സുപ്രഭാതം കേട്ടു." മോട്ടറടിക്കൂ വെള്ളം വറ്റിക്കണ്ടേ" - ഷിബു. പിന്നീട് സുധീര്‍കുമാറിന്റെ അഘോര പ്രയത്നം . വെള്ളം വറ്റിച്ചു മൊബൈല്‍ കണ്ടെടുക്കുക .കൃത്യം    8   മണി ആയപ്പോള്‍ വെള്ളം ഏതാണ്ട് വറ്റി. ഫയല്‍വാന്‍   തോര്‍ത്തുമുടുത്തു  കുളത്തിലിറങ്ങി .
ആദ്യ മുങ്ങലിനു തന്നെ വെള്ളം കലങ്ങി . തൊട്ടു തൊട്ടില്ല എന്നായപ്പോള്‍ മൊബൈല്‍ കുണുങ്ങി നീങ്ങി .കുറച്ചു കൂടി വെള്ളം വറ്റട്ടെ എന്ന് വിചാരിച്ചപ്പോള്‍ മോട്ടര്‍ പൈപ്പുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചു.  കണവന്‍ ആയുധം വച്ച് കീഴടങ്ങി . പക്ഷെ ഷിബു വൈകുന്നേരം പ്രത്യക്ഷ പ്പെട്ട് അരുളിച്ചെയ്തു . 
"മോട്ടോര്‍ ശരിയാക്കി മൊബൈല്‍ കണ്ടെടുക്കും - ഇത് സത്യം സത്യം സത്യം"  ( ടാംഗ്.... ) . അപ്പോള്‍ കാണികള്‍ക്കിടയില്‍ സംശയം . സത്യത്തില്‍ നഷ്ട്ടപ്പെട്ട മൊബൈല്‍ ഷിബു സുധീര്‍കുമാറിനു കൊടുത്തതാണോ   ?
ആ സംശയം നിസ്സംശയം ഷിബുവിനും ബാധിച്ചു.  അങ്ങനെ മൊബൈല്‍ കണ്ടെത്താനുള്ള അക്ഷീണ പരിശ്രമത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചിരിക്കുന്നു.  ഷിബു തന്നെ വീണ്ടും മോട്ടോര്‍ ശരിയാക്കി വെള്ളമടിച്ചു വറ്റിക്കാനാരംഭിച്ചു .  ഇന്ന്  അര്‍ദ്ധരാത്രിയായാലും രണ്ടിലൊന്ന്  അറിഞ്ഞെയുള്ളൂ എന്ന പ്രതിജ്ഞയോടെ വീട്ടിലേക്കു മടങ്ങി . ശേഷം സംഭവിക്കാനിരിക്കുന്നതേയുള്ളൂ.



-

Friday, December 31, 2010

പച്ച ഒരു നിറം മാത്രമല്ല

പച്ച ഒരു നിറം മാത്രമല്ല
----------------------------------------------
ഓരോ ഇലകളും
ഓരോ സൌഹൃദങ്ങളായിരുന്നു
മഴയും വെയിലുമേറ്റു
ചെടി വളര്‍ന്നു തളര്‍ന്നു.
ഇലകളില്‍ പുഴുക്കുത്തായി
ചിലത് പഴുത്തടര്‍ന്നു
ചിലത് ഉണങ്ങി ക്കരിഞ്ഞു
ചെടി ഇതൊന്നുമറിഞ്ഞില്ല
വേരുകള്‍ ചിതലരിച്ചു
മണ്ണടിയാറായപ്പോഴാണ്
ഒരു ചെറുകാറ്റ് വീശുന്നത്
അപ്പോഴാണ്‌  തന്റെ ഇലകളേയും
അവയുടെ ശൂന്യതയെയും  ഓര്‍ത്തത്
ആ വീഴ്ചയില്‍  മനസ്സ് നിറയെ
കൊഴിയാത്ത ഇലകളുടെ
തളിര്‍ത്ത പച്ച നിറമായിരുന്നു

Thursday, December 9, 2010

അവധൂതന്

പണ്ടെന്നോ മാന്തിക്കീറിയ
 നെഞ്ചുമായി ചുട്ടു പൊള്ളുന്ന
 ചൂടില്‍ വരണ്ട മണ്ണിലൂടെ
 കുടുന്ന കാല്‍പ്പാദവുമായി
 നടക്കുമ്പോള്‍ 
 നെഞ്ചിലെ റോസാപ്പൂ  ഇറുത്തെടുത് 
 ഇതളുകള്‍ മുഖത്ത്
 വിതറേണ്ട നേരമായിരുന്നു

ആറടി മണ്ണിന്റെ നനവ്‌ പോലുമില്ലാതെ
 ഓടയിലെ അഴുക്കു വെള്ളത്തില്‍ 
 അലിഞ്ഞു ചേരാത്ത ഉപ്പു പോലെ
 നീ ഉറങ്ങിയപ്പോള്‍
 ചെമ്പകപ്പൂമണമുള്ള തണുപ്പിലേക്ക്
 നിന്നെ മാറി ആചാരവെടികള്‍ക്ക്
 കാതോര്‍ത്തു ഞാന്‍ നിനക്ക് കാവലിരുന്നു 
 ആ ഇരുപ്പില്‍ വാന്‍ഗോഗിന്റെ
 മുറിഞ്ഞ ചെവിയുടെ ഒരു ശകലം
 എന്റെ കയ്യില്‍ തടഞ്ഞു
 അതോടെ എല്ലാ ആകുലതകളും
കഴുകിക്കളഞ്ഞ് ഒരു താമര ഇല മാത്രമായി  മാറി 




-

 

Tuesday, November 9, 2010

കണ്ണികള്‍

പറയാതിരുന്നതെല്ലാം കാര്‍ന്നു തിന്നുന്ന വിങ്ങലായി
 കണ്ട കിനാക്കളെല്ലാം
എന്നോ കടലിന്റെ ആഴങ്ങളിലേക്ക്
ഊളിയിട്ട നിലാവായിമാറി
സ്നേഹിച്ചവരെല്ലാം രണ്ടോ മൂന്നോതൂവലുകള്‍ മാത്രം
 നല്‍കി ചിറകുവിരുത്തി  പറന്നുപോയി
 എഴുതാനുഴറിയതെല്ലാം പേനത്തുമ്പില്‍ കട്ടപിടിച്ചുറച്ചു
 എന്നോ കേട്ട പാട്ടിന്റെ ഈണത്തിനൊത്തു
 ചുവടു വെയ്ക്കാനാഞ്ഞപ്പോഴാണ്
ചങ്ങലയുടെ മുറുക്കമറിഞ്ഞത്
 അപ്പോഴും എല്ലാ വലക്കണ്ണികളും
 ഭേദിച്ചുകൊണ്ടുള്ള ഒരു യാത്ര ബാക്കിയായിരുന്നു 

ബാക്കി പത്രം

മഴയുടെ ബാക്കിപത്രവും ചുമന്ന്‌ ആസ്പത്രി വരാന്തയില്‍ കാത്തിരിക്കുമ്പോഴാണ് 
കടുത്ത പനിയിലും കഠിന വിശപ്പിലും  ഉഴലുന്നവരുടെ  ചങ്കിടിപ്പ് കേട്ടത്
മരുന്നിന്റെ മണമുള്ള അന്തരീക്ഷത്തിനു ആശ്വാസത്തിന്റെ കാറ്റു പകരാനായില്ല
 പനിചൂടിന്റെ പിച്ചും പേയും പറച്ചിലും കിടുകിടുപ്പിലു മൊതുങ്ങിപ്പോയെല്ലാം
മാന്തിക്കീറുന്ന സ്വപ്നങ്ങളില്‍ അലി ദോസ്തും മുന്നയും ഗോവര്ധനും  സല്‍മയും നിറഞ്ഞു നിന്നു
ചങ്ങലയുടെ തുടക്കവും ഒടുക്കവും അറിയാതെ അവരും കണ്ണികളായി മാറി
 രൂപക്കൊരു സേര്‍ കിട്ടുന്ന ചന്തയില്‍ എന്തും വാങ്ങാം എന്നായിട്ടും ആര്‍ക്കും സ്വൈരമുണ്ടായില്ല
 എവിടെയും മാലിന്യങ്ങളും അടിപിടി യും രക്തച്ചുവയുമായിരുന്നു
അപ്പോഴും നിലയ്കാത്ത പനിക്ക് മരുന്നന്വേഷിച്ചെത്തുന്നവരുടെ നീണ്ടനിര അയാളെ കുഴക്കി

സൌഹൃദം

ശനിയാഴ്ച്ചയുടെ ആലസ്യത്തിലും
യാത്രയുടെ ദുരിതത്തിലുമാണ്ട് എത്തുമ്പോഴാണ്‌
എന്നോ മരിച്ചു പോയ കൂട്ടുകാരിയുടെ
മുടിചുരുള്‍ കണ്ണില്‍പ്പെടുന്നത്
ആറു ദിവസങ്ങളുടെ ചുമടു താങ്ങി
വിഷമിച്ച യാത്രക്കാരും വഴിവാണിഭക്കാരും
പെട്ടെന്നെവിടെയോ മറഞ്ഞു
ആ നഗര വീഥിയില്‍ ഞാനും
മണ്‍ മറഞ്ഞവരും മാത്രമായി
ഉച്ചസൂര്യന്‍ പാതിരാചന്ദ്രനായി
ചുവന്ന നിലാവുള്ള രാത്രിയില്‍
സ്വപ്നങ്ങളുടെ നിറം കോടമഞ്ഞിന്റേതായിരുന്നു
നിന്റെ മുടിയിലെ പിച്ചിപ്പൂവിനു ചന്ദനഗന്ധം
നിന്റെ വാക്കുകളുടെ വെളിച്ചത്തിനു
യുഗങ്ങളുടെ മുഴക്കം
സൌഹൃദത്തിന്റെ തണുത്ത വെയിലില്‍
ലോകങ്ങളുടെ അകലം മാഞ്ഞു പോയി
നനയുമ്പോള്‍ വെളുക്കുന്ന മുടിയും
മദംപൊട്ടി അലറിയടുക്കുന്ന ആനയും
സമയമറിയിക്കുന്ന മുയലമ്മാവനും
പിന്നീട് ഉറക്കത്തില്‍ എത്തിനോക്കിയില്ല
പാത എനിക്കു വേണ്ടി മാത്രം
തീര്‍ത്തതാണെന്നുള്ള
വ്യാമോഹത്തില്‍
ഞാന്‍ ആണ്ടു മുങ്ങിയപ്പോള്‍
കത്രികപ്പൂട്ടുകള്‍ക്കിടയില്‍ നിന്ന്
നെയ്യപ്പം കൊണ്ടു മേഞ്ഞ
കളി വീടുണ്ടാക്കി
ഉറുമ്പരിക്കാതെ
ഈച്ചയാര്‍ക്കാതെ
ആരോ കാവലിരിക്കുന്നു


തേരോട്ടം

എന്റെ ആകാശങ്ങള്‍ ചുരുങ്ങുകയാണ്‌
നാലു ചുവരുകളുടെ ഉള്ളിലേക്ക്
വൃക്ഷത്തലപ്പുകള്‍ക്കിടയിലൂടെയും
പക്ഷിച്ചിറകുകള്‍ക്കിടയിലൂടെയും
മേലാപ്പു തീര്‍ത്തിരുന്ന ആകാശം
എന്നോഅന്യമായിക്കഴിഞ്ഞിരിക്കുന്നു
ആകാശത്തലപ്പത്ത് ഊഞ്ഞാലു കെട്ടി
ചില്ലാട്ടം പറന്നിരുന്ന കുട്ടിക്കാലം
ഉരുള്‍പൊട്ടലില്‍ ഇല്ലാതായപ്പോഴാകാം
വെണ്‍ മേഘങ്ങളുടെ തേരോട്ടം നിലച്ചത്


മറ്റാരും വായിക്കാത്ത അക്ഷരങ്ങള്‍

തുറന്ന പുസ്തകങ്ങളിലെ താളുകള്‍
ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വായിക്കാം
കോറിയിട്ട അക്ഷരങ്ങള്‍ക്കിടയിലെ
പിടയലും വിങ്ങലുംഅറിയണമെങ്കില്‍
നിങ്ങള്‍ ഒരു മായാവിയാകണം
ആകാശത്തോളം പറന്നുയരുകയും
നരകക്കുഴിയോളം നിപതിക്കുകയും
ചെയ്യുന്ന മായാവി
നീ നിലാവുരുക്കി നടുമുറ്റം തീര്‍ക്കണം
തീപ്പൊള്ളലേറ്റ് പൊളിഞ്ഞടരണം
കയ്യെത്താ ദൂരങ്ങള്‍ക്കുമുന്പില്‍ കരഞ്ഞാര്‍ക്കണം
സ്വന്തം ഹൃദയമെടുത്ത്‌ അമ്മാനമാടണം
എന്നാലേ നിനക്കു മുന്പില്‍
എന്നും തുറന്ന പുസ്തകങ്ങളും
അവയിലെ മറ്റാരും വായിക്കാത്ത
അക്ഷരങ്ങളുമുണ്ടാവൂ

എകാന്തതയുടെ ഭാഷ

എകാന്തതയുടെ ഭാഷ
ഏതൊരാള്‍ക്കൂട്ടത്തിലും അനുഭവപ്പെടാം
തികച്ചും തനിച്ചായവന്റെ ഭാഷ ആര്‍ത്തനാദമാണ്‌
മറ്റാരും കേള്‍ക്കാതെ മനസ്സുകളില്‍നിന്നു മനസ്സുകളിലേക്ക് അതു പകരുന്നു
നമുക്കു നോക്കിനില്ക്കാന്‍ മാത്രമേ കഴിയൂ
അസാധ്യമായകാര്യങ്ങളിലേയ്ക്കുള്ള എത്തിനോട്ടം പോലും നിഷിദ്ധം
സംഘര്‍ഷങ്ങളുടെ വര്‍ദ്ധിച്ചു വരുന്ന വലിപ്പമനുസരിച്ച്‌
നട്ടെല്ലു വളയുന്നത് കാഴ്ചക്കാരനു മനസ്സിലാക്കാം
എന്നാലും ആര്‍ത്തനാദങ്ങള്‍ തുടരുക തന്നെ ചെയ്യും


സ്നേഹം

വല്ലാത്തൊരു ഇളക്കി മറിയ്ക്കലിനു ശേഷമാണ്
മനസ്സില്‍ സ്നേഹത്തിന്റെ പാറകള്‍ ഉരുവം കൊള്ളുന്നത്
ആ പാറകള്‍
മഞ്ഞും മഴയും നനഞ്ഞ്
വെയിലും കാറ്റുമേറ്റ്
കൂടുതല്‍ മിനുസ്സമാവും
അപ്പൊഴായിരിക്കും പാറകളില്‍
ഏറ്റവും മുകളിലുള്ളതിന്
ഏറ്റവും താഴെയെത്താന്‍
മോഹമുണ്ടാവുക
മോഹങ്ങള്‍ക്കു മുന്നില്‍
പ്രതിബന്ധങ്ങള്‍ നിഷ്പ്രഭങ്ങളാണ്
താഴ്വാരത്തിലെത്തുമ്പോഴാണ്
ഉരുണ്ടു വന്ന വഴികളും
മുട്ടിയുരുമ്മി നോവിച്ച
മറ്റുപാറകളുടെ നോവുകളും
മനസ്സിലാക്കുന്നത്
വീണ്ടും മറ്റൊരിളക്കി മറിക്കലും സൃഷ്ടികര്‍മ്മവും
കാത്തിരിപ്പിന്റെ തീക്കുണ്ഡത്തിലെ കനലുകള്‍
കെട്ടു പോകാതെ കാക്കുന്നു

വാക്കുകള്‍

വാക്കുകളുടെ വായ് മൂടിയുള്ള കളി
എപ്പോഴോ ഗൌരവമുറ്റതായി
കണ്ണും മനസ്സും തുറിച്ച് ശ്വാസം കിട്ടാതെ
പിടയുമ്പോഴും വായ്മൂടി തുറന്നില്ല
തുറന്നാല്‍ വാക്കുകള്‍ കുതിച്ചു ചാടും
അര്‍ത്ഥങ്ങള്‍ വരുതി വിട്ട് പായും
ധ്വനി പ്രകമ്പനം കൊള്ളിയ്ക്കും
മനസ്സുകള്‍ പൊള്ളിച്ചു കൊണ്ട്
കണ്ണുകള്‍കുത്തി നോവിച്ചു കൊണ്ട്
കാതുകള്‍ കൊട്ടിയടച്ചു കൊണ്ട്
വാക്കുകള് ‍രക്ഷ പെടാതിരിയ്ക്കട്ടെ
ഉള്ളില്‍ ആഴിയിലെ കനലായി
നീറുന്ന പുകച്ചിലായി
എരിതീയില്‍നിന്നും വറചട്ടിയിലേയ്ക്കെന്നപോലെ
എന്നില്‍ നിന്നും എന്നിലേയ്ക്കുമാത്രം
പകരുന്ന ഒന്നായി മാറട്ടെ
ഞാനാവട്ടെ വാക്കുകളാവട്ടെ ഒന്നാവട്ടെ
മറ്റൊന്നാകാതെയിരിയ്ക്കട്ടെ